ഈയുഗം ന്യൂസ്
January 19, 2026 Monday 09:57:49pm
ദോഹ: വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള ആവശ്യവുമായി ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി, 2026 ജനുവരി 17 ശനിയാഴ്ച വൈകിട്ട് ഖത്തറിൽ സംഘടിപ്പിച്ച സൗഹൃദ കുടുംബ സംഗമത്തിനിടെ യു.ഡി.ഫ്. കൺവീനറും ആറ്റിങ്ങൽ എം. പിയും ആയ അഡ്വ. അടൂർ പ്രകാശിന് നിവേദനം കൈമാറി.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളെ ഔദ്യോഗിക വോട്ടിംഗ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിലൂടെ പ്രവാസി ഇന്ത്യക്കാർക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കാളികളാകാൻ സാധിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
ഇതോടൊപ്പം, വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ എസ്.ഐ.ആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) പട്ടികയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് നിലവിലെ സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച്, ഫോം 6A സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി നീട്ടിക്കൊടുക്കാൻ പാർലമെന്റ് പരിഗണിക്കണം എന്ന ആവശ്യവും ഉന്നയിച്ചു.
ഈ പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആവശ്യമായ നടപടികൾക്കായി ഇടപെടുമെന്നും എംപി അഡ്വ. അടൂർ പ്രകാശ് ഉറപ്പ് നൽകിയതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രവാസി ഇന്ത്യക്കാരുടെ അവകാശങ്ങളും ജനാധിപത്യ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ആവർത്തിച്ചു.
45 വർഷത്തെ പ്രവാസജീവിതത്തിൽ നിന്നും വിരമിച്ചു നാട്ടിലേക്കു യാത്രയാകുന്ന ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി ശ്രീ. കുരുവിള ജോർജിനും കുടുംബത്തിനും ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ പ്രസ്തുത യോഗത്തിൽ അഡ്വ. അടൂർ പ്രകാശ് കൈമാറുകയുണ്ടായി. അഡ്വ. അടൂർ പ്രകാശ് എം പി, പ്രസിഡന്റ് ശ്രീ. റൊൺസി മത്തായി, ജനറൽ സെക്രട്ടറി അഡ്വ. ജിതിൻ ജോസ് മടപ്പള്ളിൽ, സെൻട്രൽ കമ്മിറ്റി ട്രഷറർ ശ്രീ. ജീസ് ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ. രെഞ്ചു സാം നൈനാൻ, ട്രഷറർ ശ്രീ. ജെറ്റി ജോർജ് എന്നിവർ പ്രസംഗിച്ചു.