ഈയുഗം ന്യൂസ്
January  14, 2026   Wednesday   01:13:13am

news



whatsapp

ദോഹ: ഇസ്രായേൽ- ഇറാൻ യുദ്ധം അവസാനിച്ച് ഏകദേശം ഏഴു മാസത്തിന് ശേഷം ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ.

ഇറാനെ ഉടൻ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയും ഗൾഫ് മേഖലയിൽ അമേരിക്ക നടത്തുന്ന യുദ്ധസന്നാഹങ്ങളുമാണ് മേഖലയിൽ ആശങ്ക പരത്തുന്നത്. ഏതുസമയവും അമേരിക്ക ആക്രമണം നടത്തുമെന്ന വാർത്തകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽ നിന്ന് യുഎസ് സൈന്യം ചില ഉദ്യോഗസ്ഥരെ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വാർത്ത. വാർത്ത ഖത്തർ സ്ഥിരീകരിച്ചു.

അമേരിക്ക ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് ശേഷമാണ് യുഎസ് നടപടി.

അതേസമയം, ഇറാനെ ആക്രമിക്കുന്നതിനെതിരെ ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ ട്രംപ് ഭരണകൂടത്തെ ശക്തമായി സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ ഭൂപ്രദേശവും ആകാശവും ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് ഖത്തറും സൗദിയും മിന്നുന്നറിയിപ്പ് നൽകിയിട്ടുണ്ട് അത്തരമൊരു ആക്രമണം മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും എണ്ണവില ഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ തുടർച്ചയായി സ്വീകരിച്ചുവരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇന്നലെ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന യുദ്ധത്തിൽ ഇസ്രായേലിന് പൂർത്തീകരിക്കാൻ കഴിയാത്ത ഇറാനെ കീഴ്പ്പെടുത്തുക എന്ന ദൗത്യം പൂർത്തിയാക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.

ഏത് യുദ്ധത്തിനും തങ്ങൾ പൂർണ്ണമായും തയ്യാറാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ നിന്ന് വ്യത്യസ്തമായി, ഇറാനെതിരായ ഏതൊരു അമേരിക്കൻ ആക്രമണവും ഗൾഫ് മേഖലയെ നേരിട്ട് ബാധിക്കും, കാരണം അമേരിക്കൻ താവളങ്ങൾ ഈ മേഖലയിലും ഗൾഫ് ജലാശയങ്ങളിലുമാണ്.

കഴിഞ്ഞ മാസം മുതൽ ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്, ഇതിൽ 2000-ത്തിലധികം പേർ കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രായേലുമാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ, പക്ഷേ ഇറാനിയൻ സർക്കാർ പ്രതിഷേധം അടിച്ചമർത്തുന്നതിൽ വിജയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനിൽ സർക്കാർ അനുകൂല പ്രകടനങ്ങലാണ് നടക്കുന്നത്, ഇത് ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ യുഎസ് ആക്രമണം നടക്കുമെന്ന് ഇന്നലെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യുദ്ധത്തിനെതിരെ ഖത്തറിൽ നിന്നും സൗദിയിൽ നിന്നുമുള്ള തുടർച്ചയായ കടുത്ത സമ്മർദ്ദവും ആക്രമണങ്ങൾക്ക് അവരുടെ പ്രദേശം വിട്ടുനൽകാനുള്ള വിസമ്മതവും ട്രംപിനെ പിന്തിരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാനെ ആക്രമിക്കരുതെന്ന് തുർക്കിയും ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments


Page 1 of 0