ഈയുഗം ന്യൂസ്
January 16, 2026 Friday 04:51:13pm
ദോഹ: ഇറാനെ ആക്രമിക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ട്രംപിനെ അവസാന നിമിഷം പിന്തിരിപ്പിച്ചത് ഖത്തറും സൗദിയും ഒമാനും നടത്തിയ സംയുക്ത നീക്കങ്ങളായിരുന്നെന്ന് ഇസ്രായേലി, അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തറിലെ അൽ ഉദയ്‌ദ് അമേരിക്കൻ എയർബേസിൽ നിന്ന് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ഖത്തറും അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത വിട്ടുതരില്ലെന്ന് സൗദിയും വളരെ ശക്തമായ നിലപാടെടുത്തു.
ട്രംപിനുമേൽ തുർക്കിയും സമ്മർദ്ദം ചെലുത്തി.
ബുധനാഴ്ച മുതൽ ഏതുനിമിഷവും അമേരിക്കൻ ആക്രമണം പ്രതീക്ഷിച്ച ഇറാൻ വ്യോമപാത ഏതാനും മണിക്കൂറുകൾ അടച്ചിരുന്നു. അമേരിക്ക ആക്രമണം നീട്ടിയതതായി വാർത്തകൾ വന്നതിനു ശേഷമാണ് വ്യോമപാത തുറന്നതു.
ഇറാൻ തങ്ങളുടെ മിസൈലുകൾ തയ്യാറാക്കി വച്ചിരുന്നു, ഖത്തർ ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ എല്ലാ അമേരിക്കൻ താവളങ്ങളും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ബുധനാഴ്ച അൽ-ഉദൈദ് വ്യോമതാവളത്തിൽ നിന്ന് ചില ഉദ്യോഗസ്ഥരെ യുഎസ് പിൻവലിച്ചിരുന്നു, അവർ താവളത്തിലേക്ക് മടങ്ങി.
ഇറാനെതിരായ ഏതൊരു ആക്രമണവും ഗൾഫ് മേഖലയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമായിരുന്നു.
ഇറാനിൽ പൊതുജന പ്രക്ഷോഭത്തിലൂടെ ഭരണമാറ്റം ആസൂത്രണം ചെയ്ത ഇസ്രായേലിനും ട്രംപിനും മറ്റൊരു തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. ഇസ്രായേലിന് സ്വന്തമായി ആക്രമിക്കാൻ ശക്തിയില്ലാത്തതിനാലാണ് അമേരിക്ക ആക്രമണത്തിന് മുതിർന്നത്.
അമേരിക്ക ആക്രമിച്ചാൽ ഖത്തറിലെയും സിറിയയിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ ഇറാൻപദ്ധതിയിട്ടിരുന്നതായി യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
ഇറാൻ ഇസ്രായേലിന് വലിയ ഭീഷണിയായി തുടരുകയാണ്, ഇറാനെ ആക്രമിക്കാനുള്ള അടുത്ത അവസരത്തിനായി അവർ കാത്തിരിക്കും.