ഈയുഗം ന്യൂസ്
August 25, 2026 Tuesday 11:16:13pm
ദോഹ: ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിന് ശേഷം പൂർണമായും ഒഴിപ്പിക്കുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്ത മിഡിൽ ഈസ്റ്റിലെ ചില എംബസികളിലേക്ക് നയതന്ത്ര ജീവനക്കാരെ തിരിച്ചയക്കാൻ അമേരിക്ക തീരുമാനിച്ചതായി ന്യൂ യോർക്ക് ടൈംസ് പത്രവും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
ലെബനൻ, ഇസ്രായേൽ, സൗദി അറേബ്യ, ഇറാഖിലെ ബാഗ്ദാദ് എന്നിവിടങ്ങളിലെ എംബസികളിലേക്കാണ് ജീവനക്കാർ മടങ്ങിയെത്തുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. റിയാദിലെ യു.എസ്. എംബസിയിലേക്ക് ജീവനക്കാരുടെ കുടുംബാംഗങ്ങളെയും മടങ്ങിയെത്താൻ അനുവദിക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ജോർദാൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ എംബസികളും തങ്ങളുടെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ആഭ്യന്തര രേഖയെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നയതന്ത്രജ്ഞരുടെ തിരിച്ചുവരവും അടിയന്തര നടപടികളിലെ ഇളവുകളും ഈ ആഴ്ച തന്നെ ആരംഭിച്ചേക്കാമെന്ന് പത്ര വാർത്തയിൽ പറയുന്നു.
ഇറാനുമായുള്ള സംഘർഷം സമീപഭാവിയിൽ രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് വാഷിംഗ്ടൺ വിലയിരുത്തുന്നുവെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്; എന്നിരുന്നാലും, ചില എംബസികൾ തുടക്കത്തിൽ പൂർണ്ണ ശേഷിയിലായിരിക്കില്ല പ്രവർത്തിക്കുക.
ഇസ്രായേൽ, ജോർദാൻ, ഒമാൻ എന്നിവിടങ്ങളിലെ യു.എസ്. എംബസികളിലെ ജീവനക്കാരുടെ എണ്ണം ഒടുവിൽ പൂർണ്ണതോതിലാകും; അതേസമയം, യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ലെബനൻ എന്നിവിടങ്ങളിലെ മിഷനുകളിൽ ജീവനക്കാരുടെ എണ്ണം തുടക്കത്തിൽ 85 ശതമാനമായി പരിമിതപ്പെടുത്തും. ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഇത് 75 ശതമാനമായി പരിമിതപ്പെടുത്തുമെന്നും പത്രം കൂട്ടിച്ചേർത്തു.