ഈയുഗം ന്യൂസ്
July  09, 2026   Thursday   12:10:57pm

news



whatsapp

ദോഹ: മേഖലയിൽ ഏറ്റവും ഒടുവിലായി ഉടലെടുത്ത സംഘർഷാവസ്ഥയ്ക്ക് കാരണം ചൊവ്വാഴ്ച ഖത്തറിന്റെ എൽഎൻജി (LNG) ടാങ്കറിനു നേരെ ഇറാൻ നടത്തിയ ആക്രമണം.

യാതൊരു പ്രകോപനവും കൂടാതെയാണ് ഖത്തറിന്റെ അൽ റെകയ്യത്ത് എന്ന എൽഎൻജി (LNG) ടാങ്കറും സൗദിയുടെ ഒരു ടാങ്കറും ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ ആക്രമിച്ചത്.

ആക്രമണം നടന്ന ഉടൻ ഇറാനുമായുള്ള സമാധാന കരാർ അവസാനിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും അമേരിക്ക ഇറാനിൽ ശക്തമായ ആക്രമണം നടത്തുകയും ചെയ്തു.

ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ കേന്ദ്രങ്ങൾക്കെതിരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി ഇറാനും തിരിച്ചടിച്ചു.

വ്യാഴാഴ്ച രാവിലെ ഖത്തറിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നുവെങ്കിലും അധികൃതർ പിന്നീട് അത് പിൻവലിച്ചു.

കുവൈത്തിലെ യുഎസ് പാട്രിയറ്റ് സംവിധാനങ്ങൾ, ഖത്തറിലെ സാറ്റലൈറ്റ് ആന്റിന, ബഹ്‌റൈനിലെ യുഎസ് സൈന്യത്തിന്റെ ഇന്ധന സംഭരണം എന്നിവ ആക്രമിച്ചതായി ഇറാൻ സൈന്യം അറിയിച്ചു.

ഹോർമുസിനുമേൽ പൂർണ്ണാധിപത്യം സ്ഥാപിക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ഗൾഫ് രാജ്യങ്ങൾ ചെറുക്കുകയാണ്.

ഹോർമുസ് കടലിടുക്ക് ഒമാനും ഇറാനും പങ്കിടുന്നു. ഇറാനെ ഒഴിവാക്കാനായി ഒമാൻ തീരത്തോട് വളരെ ചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഖത്തർ ടാങ്കർ. ഇറാനെ ഒഴിവാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തയ്യാറാക്കിയ പുതിയ പദ്ധതിയാണ് ഹോർമുസിൽ ഒമാൻ തീരത്തോട് ചേർന്നുള്ള ഈ പാത. എന്നാൽ ഈ പാത അംഗീകരിക്കില്ലെന്നാണ് ഇറാൻ നിലപാട്. ഇത് നടപ്പിലാക്കുന്നത് തടയാനാണ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത്.

ഖത്തരി എൽഎൻജി ടാങ്കറിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ടാങ്കർ പൊട്ടിത്തെറിക്കുമെന്ന് ഭയക്കുകയും ചെയ്തു.

ഖത്തറിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ മൊഹ്‌സെൻ മുഹമ്മദ് ഗനിയെ ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, സാഹചര്യം കൂടുതൽ വഷളാകാൻ ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കാത്തതിനാൽ നിലവിലെ സംഘർഷം മൂർച്ഛിക്കാൻ സാധ്യതയില്ല.

Comments


Page 1 of 0