ഈയുഗം ന്യൂസ്
March 07, 2026 Saturday 10:31:23pm
ദോഹ: ഇറാനെ ആക്രമിക്കാൻ ഗൾഫ് രാജ്യങ്ങളെ ഉപയോഗിച്ചില്ലെങ്കിൽ ഇറാൻ ഇനി ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ പ്രസ്താവനക്ക് ശേഷവും ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണം തുടർന്നു.
ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തുന്നതായും ഇറാൻ പ്രസിഡന്റ് രാവിലെ പറഞ്ഞിരുന്നു.
എന്നാൽ പ്രസ്താവന നടത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ ദോഹയിൽ ആക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പിന്നീട് വൈകുന്നേരവും ദോഹയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു.
ഇറാൻ പ്രെസിടെന്റിന്റെ പ്രസ്താവന വളരെ ആശ്വാസത്തോടെയാണ് ഗൾഫിലെ പ്രവാസികൾ സമൂഹ മാധ്യമങ്ങളിൽ സ്വാഗതം ചെയ്തത്.
എന്നാൽ ഇറാൻ തോൽവി സമ്മതിച്ചതിന്റെ തെളിവാണ് പെഷസ്‌കിയാന്റെ പ്രസ്താവന എന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇത് ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചു. പിന്നീട് ഇറാനിൽ പെഷസ്‌കിയാന്റെ പ്രസ്താവനക്കെതിരെ പ്രതിശേധം ഉയരുകയും ഇറാൻ റിവൊല്യൂഷനറി ഗാർഡ് പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പറയുകയും ചെയ്തു.
പെഷസ്‌കിയാന്റെ ക്ഷമാപണം തുർക്കിക്കും അസര്ബൈജാനും വേണ്ടിയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ബഹ്‌റൈനിലും യൂ.എ.ഇ യിലും ഇറാൻ ആക്രമണം നടത്തി. ശനിയാഴ്ച രാത്രി ദുബായിലെ പ്രശസ്തമായ മറീന ടവർ ആക്രമിക്കപ്പെട്ടു. നേരിട്ടുള്ള ആക്രമണമാണോ അതോ മിസൈൽ തടസ്സപ്പെടുത്തലിൽ നിന്നുള്ള അവശിഷ്ടങ്ങളാണോ എന്ന് വ്യക്തമല്ല.
ഗൾഫിൽ യൂ.എ.ഇ യിലാണ് ഇറാൻ ഏറ്റവും കൂടുതൽ ആക്രമണം നടത്തിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ ദുബായ് എയർപോർട്ട് റൺവേ ആക്രമിച്ചിരുന്നു.
ശനിയാഴ്ച ഇറാനിലെ കെഷാമിൽ വെള്ള ശുദ്ധീകരണ പ്ലാന്റ് അമേരിക്ക നശിപ്പിച്ചിരുന്നു. ആദ്യമായിട്ടാണ് വെള്ള ശുദ്ധീകരണ പ്ലാന്റ് അമേരിക്ക നശിപ്പിക്കുന്നത്. തങ്ങളുടെ ഒരു അയൽരാജ്യം ഈ ആക്രമണത്തിന് സഹായിച്ചെന്ന് യൂ.എ.ഇ യെ ഉദ്ദേശിച്ചു ഇറാൻ പ്രസ്താവന നടത്തിയുരുന്നു. ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അതിനുശേഷമാണ് മറീന ടവറിലെ ആക്രമണം.