ഈയുഗം ന്യൂസ്
April 17, 2026 Friday 05:00:01pm
ദോഹ: ഹോർമുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും ഗതാഗതം ശേഷിക്കുന്ന വെടിനിർത്തൽ കാലയളവിൽ പൂർണ്ണമായും തുറന്നുകൊടുത്തതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വെള്ളിയാഴ്ച പ്രസ്താവിച്ചു.
'താങ്ക് യു' നിമിഷങ്ങൾക്ക് ശേഷം ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾക്ക് ഒരു നിശ്ചിത പാതയിലൂടെ മാത്രമേ പോകാൻ കഴിയൂ എന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നാവികസേനയുടെ അനുമതി ഇപ്പോഴും ആവശ്യമാണെന്നും ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
മിക്ക വെടിനിർത്തൽ പോയിന്റുകളും ഇതിനകം ചർച്ച ചെയ്തിട്ടുള്ളതിനാൽ പ്രക്രിയ വേഗത്തിൽ നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു.
യുദ്ധം തുടങ്ങിയതിനുശേഷം ഗൾഫ് രാജ്യങ്ങൾ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളിയായിരുന്നു ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയത്.
കടലിടുക്ക് തുറക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ ജീവിതം സാധാരണ നിലയിലാക്കാൻ സഹായിക്കും.
സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് ഇറാന്റെ തീരുമാനം സൂചിപ്പിക്കുന്നു.
നേരത്തെ, ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ ആരംഭിച്ചിരുന്നു.
സമാധാന ചർച്ചകൾ തുടരുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളിലൊന്നായിരുന്നു ലെബനൻ വെടിനിർത്തൽ .
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈമാറിയാൽ പകരമായി അമേരിക്ക മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളിൽ നിന്ന് 20 ബില്യൺ ഡോളർ ഉടൻ വിട്ടുകൊടുക്കുമെന്നതാണ് ചർച്ചയിലെ ഒരു ഘടകം.
പാകിസ്ഥാനിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാകിസ്ഥാനിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചിരുന്നു.
ഇറാന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എണ്ണവില കുറഞ്ഞു.