ഈയുഗം ന്യൂസ്
March  05, 2026   Thursday   03:51:19pm

news



whatsapp

ദോഹ: ഖത്തറിൽ ഇന്ന് ഉച്ചക്ക് തുടർച്ചയായി നിരവധി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. സെക്യൂരിറ്റി ഭീഷണി വർധിച്ചതായും ആളുകൾ പുറത്തിറങ്ങരുതെന്നും ഫോണിലൂടെയുള്ള അടിയന്തിര അലാറം സന്ദേശത്തിലൂടെ ഗവണ്മെന്റ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

മിസൈൽ ആക്രമണം നടന്നതായും പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു. അമേരിക്കൻ എയർബേസിൽ നിന്ന് പുക ഉയരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മിസൈൽ അവശിഷ്ടങ്ങൾ താമസസ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്.

ദോഹയിലെ അമേരിക്കൻ എംബസി പരിസരത്തു നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഇന്നലെ അർധരാത്രി അധികാരികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഏതുസമയവും ഇറാൻ അമേരിക്കൻ എംബസി തകർക്കാം.

തങ്ങളുടെ ഓയിൽ, ഗ്യാസ് കേന്ദ്രങ്ങൾ രണ്ട് മാസം അടച്ചിടാമെന്നും തങ്ങളെ ആക്രമിക്കരുതെന്നും ചില അറബ് രാജ്യങ്ങൾ ഇറാന് സന്ദേശം അയച്ചതായി ഇറാൻ സർക്കാറുമായി അടുത്ത ബന്ധമുള്ള പ്രമുഖ ഇറാനിയൻ വിദഗ്ദൻ സയ്യദ് മുഹമ്മദ് മാറാൻഡി എക്‌സിൽ എഴുതി. ഇറാൻ ഇതിനോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കുന്ന കമ്പനികൾക്കെതിരെ ഖത്തർ ശക്തമായ നടപടി തുടങ്ങി. അനുമതിയില്ലാതെ വില വർധിപ്പിച്ചതിന് ഒരു കമ്പനി ഒരു മാസത്തേക്ക് അടച്ചുപൂട്ടാനും കൂടാതെ 1 ദശലക്ഷം റിയാൽ പിഴ ചുമത്താനും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.

ഇറാൻറെ യുദ്ധക്കപ്പൽ അമേരിക്ക ബുധനാഴ്ച ആക്രമിച്ച് നൂറോളം ഇറാനിയൻ നാവികർ മരണപ്പെട്ട സംഭവത്തിൽ മോഡി ഗവണ്മെന്റിനെതിരെ ശക്തമായ വിമർശനം ഉയർന്നു. വിശാഖപ്പട്ടണത്ത് ഫെബ്രുവരി 18 ന് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാണ് ഇറാൻ കപ്പൽ എത്തിയത്. തിരിച്ചുപോകുമ്പോൾ ഇന്ത്യൻ സമുദ്രത്തിലാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നും കപ്പലിൽ യുദ്ധസന്നാഹങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതിഥിയായി എത്തിയവരെ ഇന്ത്യ വഞ്ചിച്ചെന്നും പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും വിമർശിച്ചു. ഇന്ത്യയുടെ സമ്മതത്തോടെയാണ് അമേരിക്ക കപ്പൽ മുക്കിയതെന്നാണ് വിമർശനം. ഇറാൻ എങ്ങിനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. നിരവധി ഇന്ത്യൻ കപ്പലുകളാണ് ഇപ്പോൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്. അതേസമയം ചൈനീസ് കപ്പലുകൾ ഇറാൻ കടത്തിവിടുന്നുണ്ട്. ഇന്ന് ഒരു അമേരിക്കൻ ഓയിൽ ടാങ്കർ ഹോർമുസിൽ ഇറാൻ ആക്രമിച്ചു. ടാങ്കറിന്‌ തീ പിടിച്ചു.

യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അസര്ബൈജാനിലെ നഖിച്ചേവൻ വിമാനത്താവളത്തിൽ ഇറാൻ ഡ്രോണാക്രമണം നടത്തി. നാല് പേർക്ക് പരിക്കേറ്റു.

ഇസ്രായേലിന്റെ എണ്ണയുടെ ഏകദേശം 30 ശതമാനം വിതരണം ചെയ്യുന്ന ജോർജിയയിലെ ബാക്കു-ടിബിലിസി-സെയ്ഹാൻ പൈപ്പ്‌ലൈനും ഇറാൻ ആക്രമിച്ചു.

ഗൾഫ് രാജ്യങ്ങൾക്കെതിരായ എല്ലാ ആക്രമണങ്ങളും ഇറാനിൽ നിന്നല്ല വരുന്നതെന്ന് പ്രമുഖ സൗദി അറേബ്യൻ പത്രപ്രവർത്തകൻ അദ്‌വാൻ അൽ-അഹ്മരി പറഞ്ഞു. ആക്രമണങ്ങൾ ആസൂത്രണം ചെയ്ത മൊസാദ് ഏജന്റുമാരെയും സൗദി അറസ്റ്റ് ചെയ്തിട്ടുണ്ട്.

"ഗൾഫ് രാജ്യങ്ങളെ കുടുക്കാനും ഇറാനുമായുള്ള ഏറ്റുമുട്ടലിലേക്ക് അവരെ വലിച്ചിഴയ്ക്കാനുമുള്ള അമേരിക്കൻ-ഇസ്രായേൽ കെണിയാണ് ഈ യുദ്ധമെന്ന് ചിലർ വിശ്വസിക്കുന്നു," അഹ്മാരി പറഞ്ഞു.

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് വിഭാഗത്തെ ഇല്ലാതാക്കിയില്ലെങ്കിൽ മുതിർന്ന നേതാക്കളെ കൊല്ലുന്നതും ആണവ, ബാലിസ്റ്റിക് മിസൈൽ സൗകര്യങ്ങൾ നശിപ്പിക്കുന്നതും മേഖലയിൽ കാര്യമായ മാറ്റമൊന്നും വരുത്തില്ലെന്നും അഹ്മാരി കൂട്ടിച്ചേർത്തു.

തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിന് ശേഷം അമേരിക്കയ്ക്ക് എപ്പോൾ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ചില വിദഗ്ധർ പറഞ്ഞു.

അമേരിക്കയും ഇസ്രായേലും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇറാൻ ഡ്രോണുകളും മിസൈലുകളും വെടിവെച്ചുവീഴ്ത്താൻ അവർ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ ക്ഷാമമാണ്. ഈ മിസൈൽ സ്റ്റോക്കുകൾ വേഗത്തിൽ തീർന്നുവരുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നു. ചിലവുകുറഞ്ഞ നൂറുകണക്കിന് ഡ്രോണുകൾ പറത്തി മില്യൺ കണക്കിന് ഡോളർ വിലവരുന്ന ഇന്റർസെപ്റ്റർ മിസൈൽ ശേഖരം തീർക്കുകയാണ് ഇറാന്റെ ലക്ഷ്യം. ശേഷം അതിരൂക്ഷമായ മിസൈൽ ആക്രമണം ഇറാൻ അഴിച്ചുവിടും.

ഇറാനെതിരെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് യുഎസിന് യുഎഇ അനുമതി നിഷേധിച്ചു. തങ്ങളുടെ എയർസ്പേസ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഖത്തറും വ്യക്തമാക്കി.

ദുബായ് നഗരത്തിലെ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാൽ രണ്ട് വർഷം തടവും 50,000 ഡോളർ പിഴയും ഈടാക്കുമെന്ന് ദുബായ് അധികൃതർ ഭീഷണിപ്പെടുത്തുന്നു.

ടെഹ്‌റാനിൽ അമേരിക്ക ഇപ്പോൾ കാർപെറ്റ് ബോംബിംഗ് നടത്തുകയാണ്. ആയിരക്കണക്കിന് മരണങ്ങൾക്ക് ഇത് കാരണമാക്കും. അതേസമയം ടെൽ അവീവിൽ ഇറാൻ മിസൈൽ മഴ വർഷിക്കുകയാണ്. മില്യൻൺകണക്കിന് ജനങ്ങൾ ഇപ്പോൾ ബങ്കറുകളിലാണ്. പാശ്ചാത്യ മാധ്യമങ്ങൾ ടെഹ്‌റാനിലെ നാശനഷ്ടങ്ങൾ പൂർണമായും കാണിക്കുമ്പോൾ, അവർ ടെൽ അവീവിലെ നാശനഷ്ടങ്ങൾ മറച്ചുവെക്കുകയാണ്. ഇസ്രായേലിലെ ഇറാനിയൻ ആക്രമണങ്ങൾ മറയ്ക്കാൻ എക്സ് അതിന്റെ അൽഗോരിതങ്ങൾ മാറ്റി.

Comments


   ggg

Page 1 of 1